300 കടന്ന മലയാളിത്ത പെരുമ
കരുൺ നായർ. ഈ പേര് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം എത്തുന്ന മത്സരമാണ് 2016ഇൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ചെന്നൈയിൽ വെച്ച് നടന്ന അഞ്ചാം ടെസ്റ്റ്. ഇന്ന് ഞാൻ നിങ്ങളോട് പങ്ക് വെയ്ക്കാൻ ആഗ്രഹിക്കുന്നത് ഈ മത്സരത്തിന്റെ വിശേഷങ്ങളാണ്.
വളരെ ഏറെ പ്രത്യേകതകൾ ഉള്ള ഒരു പരമ്പര ആയിരുന്നു അത്. 2008ഇനു ശേഷം ഇന്ത്യ ഉൾപ്പെടുന്ന ഉഭയകക്ഷി പരമ്പരകളിൽ DRS സംവിധാനം ഉപയോഗിക്കാൻ തീരുമാനിച്ചത് ഈ പരമ്പരയിലാണ്. ടെസ്റ്റിലെ ഒരു ഇന്നിംഗ്‌സിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ പിറന്നതും ഈ മത്സരത്തിലാണ്. പരമ്പരയിലെ ആദ്യ നാല് മത്സരങ്ങളിൽ മൂന്നും വ്യക്തമായ അധിപത്യത്തോടെ ഇന്ത്യ ജയിച്ചു. രാജ്‌കോട്ടിൽ നടന്ന ആദ്യ മത്സരം മാത്രമായിരുന്നു സമനിലയിൽ കലാശിച്ചത്.
2016 ഡിസംബർ 16, ചെന്നൈ
അഞ്ചിൽ നാലാം തവണയും ടോസ് വിജയിച്ച ഇംഗ്ലീഷ് ക്യാപ്റ്റൻ അലിസ്റ്റർ കുക്ക് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്നിങ്‌സിന്റെ തുടക്കത്തിൽ തന്നെ ഇഷാന്ത് ജെന്നിങ്‌സിനെ പാർഥിവിന്റെ കൈകളിൽ എത്തിച്ച് ഇംഗ്ലണ്ടിന് ആദ്യ പ്രഹരം നൽകി. ജഡേജയുടെ പന്തിൽ മനോഹരമായ ഒരു സ്ലിപ് ക്യാച്ചിൽ കോഹ്‌ലിയും കുക്കിന് ഡ്രസിങ് റൂമിലേക്കുള്ള വഴി കാട്ടി. തുടക്കത്തിലെ തകർച്ചക്ക് ശേഷം റൂട്ട്, ബയേർസ്റ്റോ എന്നിവരെ കൂട്ടുപിടിച്ചു മോയിൻ അലി സെഞ്ച്വറി നേടി ഇന്നിംഗ്സ് മുന്നോട്ടു കൊണ്ട് പോയി. റൂട്ട് 88ഉം ബെയർസ്‌റ്റോ 49ഉം സ്കോർ ചെയ്തു. ടീം സ്കോർ 321ഇൽ ഉമേഷ് യാദവ് അലിയെ ജഡേജയുടെ കരങ്ങളിൽ എത്തിച്ചു. അപ്പോഴേക്കും അലിയുടെ പേരിൽ 146 റൺസ് ഉണ്ടായിരുന്നു. എന്നാൽ അവിടം കൊണ്ട് നിർത്താൻ ഇംഗ്ലണ്ട് തയാറായില്ല. സ്റ്റോക്സിനേയും ബട്ലറെയും വേഗം നഷ്ടമായെങ്കിലും. അരങ്ങേറ്റക്കാരൻ ടൗസണും(66*) ആദിൽ റഷിദും(60) ഇംഗ്ലണ്ടിനെ 477 എന്ന സ്‌കോറിൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം നൽകാൻ രാഹുലിനും പാർഥിവിനും കഴിഞ്ഞു. ഇരുവരും ഓപ്പണിങ് പാർട്ണർഷിപിൽ 152 റൺ കൂട്ടിചേർത്തു. അധികം നേരം ക്രീസിൽ പിടിച്ചു നിൽക്കാൻ അനുവദിക്കാതെ പുജാരെയും കൊഹ്‍ലിയെയും ഇംഗ്ലീഷ് ബൗളർമാർ മടക്കി അയച്ചു. ഇവരെ അനുഗമിച്ചു വന്ന കരുൺ നായരെയും കൂട്ടി രാഹുൽ പതിയെ സ്കോർബോർഡ് ചലിപ്പിച്ചു. രാഹുലിന്റെ സ്കോർ 100ഉം 150ഉം കടന്ന് കുതിച്ചു കൊണ്ടിരുന്നു. പക്ഷേ വ്യക്തിഗത സ്കോർ 199ഇൽ വെച്ച് രാഹുലിന് പിഴച്ചു. ബട്ലറിനു ക്യാച്ച് നൽകി മടങ്ങുമ്പോൾ അയാൾ തന്റെ കന്നി ഇരട്ട ശതകം നഷ്ടപെട്ടത് ഓർത്ത് തലയിൽ കൈ വെച്ചു പോയി. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 71 റൺസുമായി കരുൺ ക്രീസിൽ നില്കുന്നു.
നാലാം ദിനം ആദ്യ സെഷനിൽ തന്നെ കരുൺ ടെസ്റ്റിലെ തന്റെ കന്നി സെഞ്ച്വറി പൂർത്തിയാക്കി. വിജയ്ക്ക് ശേഷം ഇറങ്ങിയ അശ്വിൻ കരുണിനു മികച്ച പിന്തുണ നൽകി അർധശതകം കുറിച്ചു. ചായക്ക് ശേഷം കരുൺ ഇരട്ട ശതകം പൂർത്തിയാക്കി. ടീം സ്കോർ 616ഇൽ അശ്വിൻ മടങ്ങി. ക്യാപ്റ്റൻ ഡിക്ലറേഷന് തയ്യാറാകുന്നു എന്ന മുന്നറിയിപ്പ് കരുണിന് ലഭിച്ചതിനു ശേഷം അയാൾ തന്റെ ഗിയർ മാറ്റി. ഇംഗ്ലീഷ് ബൗളർമാരെ ഗ്രൗണ്ടിന്റെ നാല് ഭാഗത്തും തലങ്ങും വിലങ്ങും പായിച്ചു. മറുഭാഗത്തു ജഡേജ മികച്ച പിന്തുണ നൽകി തന്റെ അർധശതകം പൂർത്തിയാക്കി. ഒടുവിൽ ഇന്ത്യൻ ഇന്നിംഗ്‌സിലെ 190ആം ഓവറിന്റെ നാലാം പന്തിൽ ബാക്കവേർഡ് പോയിന്റയിലൂടെ പന്തിനെ അതിർത്തി കടത്തി 300 എന്ന മാന്ത്രിക സംഖ്യയിൽ അയാൾ എത്തി. വിരേന്ദർ സെഹ്‌വാഗിന് ശേഷം ഇന്ത്യക്ക് വേണ്ടി ടെസ്റ്റിൽ ട്രിപ്പിൾ സെഞ്ച്വറി നേടുന്ന ഇന്ത്യക്കാരൻ എന്ന ബഹുമതിയും കരുൺ സ്വന്തമാക്കി. മാത്രമല്ല തന്റെ കന്നി സെഞ്ച്വറി തന്നെ ട്രിപ്പിൾ സെഞ്ച്വറി ആക്കി മാറ്റിയ മൂന്നാമത്തെ മാത്രം താരവും ആദ്യ ഇന്ത്യക്കാരനും. ഏറ്റവും ചുരുങ്ങിയ ഇന്നിംഗ്‌സിൽ നിന്ന് ട്രിപ്പിൾ നേടിയ പ്ലയെർ എന്ന റെക്കോർഡും ലഭിച്ചു. ഇതേ സമയം മറ്റൊരു റെക്കോർഡ് കൂടി ഉണ്ടായി. അന്നുവരെ ഉള്ളതിൽ ഇന്ത്യയുടെ ഒരു ടെസ്റ്റ് ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്കോറയായിരുന്നു ഇന്ത്യ നേടിയ 759.
കരുൺ ട്രിപ്പിൾ സെഞ്ച്വറി നേടിയതിനു പിന്നാലെ വിരാട് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. അപ്പോഴേക്കും ഇന്ത്യക്ക് 282 റൺസ് ലീഡ് ആയി. ഇംഗ്ലണ്ട് ആ ദിനം 2 ഓവർ ബാറ്റ് ചെയ്തു വിക്കറ്റ് നഷ്ടമില്ലാതെ 12 റൺ നേടി.
ടെസ്റ്റിന്റെ അഞ്ചാം ദിനത്തിൽ ഇംഗ്ലണ്ട് ബാറ്റിംഗ് പുനരാരംഭിച്ചു. എങ്ങനെയെങ്കിലും ഈ ഒരു ദിനം മുഴുവൻ പിടിച്ചു നിൽക്കുക എന്ന ഉദ്ദേശത്തിലാണ് അവർ ക്രീസിൽ എത്തിയത്. ആദ്യ സെഷനിൽ വിക്കറ്റ് നഷ്ടമില്ലാതെ അവർ 97 റൺസ് നേടി. ഈ മത്സരം സമനിലയിൽ കലാശിക്കും എന്ന് എല്ലാവരും കരുതി. എന്നാൽ വിജയങ്ങൾക്കായി കഠിനമായി പരിശ്രമിക്കുന്ന വിരാട് വിട്ടുകൊടുക്കാൻ തയ്യാറായില്ല. ഓപ്പണിങ് കൂട്ടുകെട്ട് 100 കടന്നതിനു പിന്നാലെ കുക്കിനെ ജഡേജ പറഞ്ഞയച്ചു. പരമ്പരയിൽ ആറാം തവണയാണ് കുക്ക് ജഡേജയ്ക്ക് വിക്കറ്റ് നൽകിയത്. പിന്നീടുള്ള കൃത്യമായ ഇടവേളകൾ ഇംഗ്ലീഷ് ബാറ്സ്മാന്മാരെ ജഡേജ പുറത്താക്കി കൊണ്ടിരുന്നു. വിക്കറ്റ് നഷ്ടമില്ലാതിരുന്ന ആദ്യ സെഷനിൽ നിന്നും രണ്ടാം സെഷനിൽ ചായക്ക് പിരിയുമ്പോൾ ഇംഗ്ലണ്ടിന് നഷ്ടം 4 വിക്കറ്റുകൾ. പക്ഷേ ഒരറ്റത്ത് മോയിൻ അലി പോരാട്ടം തുടർന്നു. സ്റ്റോകസിനെ കൂട്ടുപിടിച്ചു ആ ദിനം രക്ഷിക്കാനുള്ള കഠിനശ്രമത്തിലായിരുന്നു അലി. പക്ഷെ ആ ദിനം ജഡേജയുടേത് ആയിരുന്നു ഇംഗ്ലണ്ട് ഇന്നിംഗ്‌സിന്റെ 71ആം ഓവറിൽ അലിയെ മടക്കി അയച്ചു ജഡേജ കൂട്ടുകെട്ട് പൊളിച്ചു. തന്റെ അടുത്ത ഓവറിൽ സ്റ്റോക്സിനെ കൂടി പുറത്താക്കി ഇംഗ്ലണ്ട് നിരയുടെ വാലറ്റത്തിലേക്കു ഇന്ത്യ കടന്നു. ജോസ് ബട്ലറെ ഒരറ്റത്ത് കാഴ്ചക്കാരൻ ആക്കി ഇന്ത്യൻ ബൗളർമാർ അവശേഷിച്ചിരുന്ന വിക്കറ്റുകൾ കൂടി സ്വന്തമാക്കി.
ഒരു ഘട്ടത്തിൽ സമനില ആകും എന്ന് കരുതിയ മത്സരത്തിൽ അപ്രതീക്ഷിത വിജയം നേടാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിൽ ആയിരുന്നു ടീം ഇന്ത്യ. ഒന്നിൽ കൂടുതൽ പേർ മികവ് കാണിച്ച മത്സരത്തിൽ കരുൺ നായർ കളിയിലെ താരമായി.
ജഡേജ ആദ്യമായി ഒരു ടെസ്റ്റിൽ 10 വിക്കറ്റ് നേട്ടം കൈവരിച്ചത് ഈ മത്സരത്തിലാണ്. അലിസ്റ്റർ കുക്ക് ടെസ്റ്റിൽ 11000 റൺസ് എന്ന നേട്ടം സ്വന്തമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെയും ഏറ്റവും പ്രായം കുറഞ്ഞ താരവും.
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ഉപനായകനായിരുന്ന അജിൻക്യ രഹാനെ പരുക്കേറ്റ ടീമിന് പുറത്തു പോയ ഒഴിവിലാണ്, കരുൺ ടീമിൽ എത്തിയത്. ഇംഗ്ലണ്ട് പരമ്പരയ്ക്കു ശേഷം നടന്ന ബംഗ്ലാദേശിന് എതിരെയുള്ള പരമ്പരയിൽ രഹാനെ ടീമിൽ തിരിച്ച എത്തിയതോടെ കരുൺ ടീമിന് പുറത്തായി. ഇതു വരെ വെറും 6 ടെസ്റ്റുകൾ മാത്രമാണ് കരുൺ കളിച്ചിട്ടുള്ളത്. അവസാന ടെസ്റ്റ് മത്സരം 2017ഇൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ. അതിനു ശേഷം ദക്ഷിണാഫ്രിക്കയ്ക്കും ഇംഗ്ലണ്ടിനും എതിരെയുള്ള പരമ്പരകളിൽ ടീമിൽ ഉണ്ടായിരുന്നെങ്കിലും ഒരു മത്സരം പോലും കളിച്ചിട്ടില്ല. പിന്നീട് ഒരിക്കൽ പോലും ദേശിയ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ല.

Comments
Post a Comment