മഹി എന്ന മായാജാലക്കാരൻ
ടീമിൽ ഒരു അധിക ബാറ്റസ്മാനെ കൂടി കളിപ്പിക്കാൻ വേണ്ടി സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡിന് വിക്കറ്റ് കീപ്പിംഗ് ഗ്ലോവ്സ് നൽകി. തനിക്ക് ചെയ്യാൻ താല്പര്യം ഇല്ലാത്ത കാര്യമായിരുന്നിട്ടും ടീമിന് വേണ്ടി സ്റ്റമ്പിന് പിന്നിൽ നിൽക്കാൻ അദ്ദേഹം സമ്മതിച്ചു. പിന്നീട് വിക്കറ്റ് കീപ്പറുടെ അധിക ചുമതല ദ്രാവിഡിന് ഒരു ഭാരമായി മാറുന്നു എന്ന് ഗാംഗുലി മനസിലാക്കി. ഈ അവസരത്തിലാണ് ടീമിലേക്ക് പുതിയ വിക്കറ്റ് കീപ്പർമാരെ വേണം എന്ന ആവശ്യം ഗാംഗുലി ബിസിസിയ്ക്കു മുന്നിൽ വെച്ചത്. ഓസ്‌ട്രേലിയയുടെ ആദം ഗിൽക്രിസ്റ്റിനെ പോലെ വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ മികവ് പുലർത്താൻ കഴിയുന്ന ഒരു കളിക്കാരനെയാണ് ഗാംഗുലി അന്വേഷിച്ചത്. ഇന്ത്യയിലെ വളർന്ന വരുന്ന യുവ വിക്കറ്റ് കീപ്പർമാർക്ക് ഇന്ത്യൻ ടീമിലേക്ക് വേഗത്തിൽ പ്രവേശനം ലഭിക്കാനുള്ള ഒരു സുവർണ്ണാവസരമായിരുന്നു ഇത്. ഒടുവിൽ സെലക്ടർമാർ 3 പേരുകളിൽ തങ്ങളുടെ അന്വേഷണം അവസാനപ്പിച്ചു. തമിഴ്നാട്ടിൽ നിന്ന് ദിനേഷ് കാർത്തിക്, ഗുജറാത്തിൽ നിന്ന് പാർഥിവ് പട്ടേൽ, ജാർഖണ്ഡിൽ നിന്ന് ധോണി എന്നിവരായിരുന്നു ആ 3 പേർ. ഇതിൽ കാർത്തിക്കും, പാർത്ഥിവും ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയ്ക്ക് വേണ്ടി പാഡ് കെട്ടി. ലിസ്റ്റ് A മത്സരങ്ങളിലെ മിന്നും പ്രകടനം ധോണിയെ ഏകദിന മത്സരങ്ങൾക്ക് പരിഗണിക്കാൻ കാരണമായി.
2004 ഡിസംബർ 23, ചിറ്റഗോങ്ങ്
ഏകദിനങ്ങൾക്കു മുൻപ് ബംഗ്ലാദേശിനെതിരായി നടന്ന രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യ ഇന്നിംഗ്സ് വിജയം നേടിയാണ് ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയത്. ഈ മത്സരത്തിൽ രണ്ട് പേർ ആദ്യമായി ഇന്ത്യയുടെ നീല ജേഴ്‌സി അണിഞ്ഞു. ധോണിയും ജോഗിന്ദർ ശർമ്മയും ആയിരുന്നു ആ രണ്ട് പേർ. ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇന്നിംഗ്‌സിന്റെ രണ്ടാം പന്തിൽ തന്നെ ബംഗ്ലാ ബൗളർമാർ ഇന്ത്യയെ ഞെട്ടിച്ചു. റൺസ് ഒന്നും നേടാതെ ക്യാപ്റ്റൻ സൗരവ് ഗാംഗുലി പുറത്ത്. അധികം വൈകാതെ സച്ചിനും യുവിയും കൂടി കൂടാരം കേറി. ഇവർക്ക് ശേഷം വന്ന ദ്രാവിഡും, കൈഫും മെല്ലെ സ്കോർബോർഡ് ചലിപ്പിച്ചു. നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും 128 റൺസ് കൂട്ടിച്ചേർത്തു. ദ്രാവിഡ് പുറത്തായതിന് പിന്നാലെ ക്രീസിൽ എത്തിയ സിദ്ധരാമ ശ്രീറാം 5 പന്തുകൾ നേരിട്ട് വെറും 3 റൺസുമായി പുറത്തായി. ഏഴാമനായി ഏഴാം നമ്പർ ജേഴ്‌സി ധരിച്ച ഒരു നീളൻ മുടിക്കാരൻ പയ്യൻ പതിയെ മൈതാനത്തിന്റെ മധ്യഭാഗം ലക്ഷ്യമാക്കി നടന്നടുത്തു. ദൈവത്തിന്റെ സ്വപ്നം യാഥാർഥ്യമാക്കാനാണ് അവൻ വന്നത് എന്ന് അന്ന് അവിടെ കൂടിയിരുന്നവർ അറിഞ്ഞിരുന്നില്ല. രാജ്യത്തിനു വേണ്ടി ആദ്യമായി കളിക്കുന്നതിന്റെ സംഭ്രമം കൊണ്ടോ, അയാൾക്ക് ആ ദിനം മോശമായ ഒന്നായിരുന്നു. ക്രീസിൽ എത്തിയതിനു ശേഷം നേരിട്ട ആദ്യ പന്ത് ഫൈൻലെഗ്ഗിലേക്ക് തിരിച്ചുവിട്ടു. റൺസ് എടുക്കാൻ വേണ്ടി ക്രീസ് വിട്ട ധോണി അവിടെ നിന്നിരുന്ന ഫീൽഡറെ കണ്ടില്ല. തിരിച്ചുകേറാനായി കൈഫ് ധോണിയോട് ആക്രോശിച്ചു. എന്നാൽ അപ്പോഴേക്കും വൈകി പോയിരുന്നു. ധോണിയുടെ ബാറ്റ് ക്രീസിൽ എത്തുന്നതിനു മുൻപ് തന്നെ ബംഗ്ലാ കീപ്പർ ഖാലിദ് മശൂദ് ബൈൽസ് തട്ടി ഇളകി കഴിഞ്ഞിരുന്നു. അങ്ങേയറ്റം നിരാശയോടെ പൂജ്യനായി അയാൾ ഡ്രസിങ് റൂമിന്റെ പടവുകളിൽ തിരിച്ചുനടന്നു. 80 റൺസ് എടുത്തു കൈഫിന്റെ പിൻബലത്തിൽ ഇന്ത്യ 245 എന്ന ലക്ഷ്യം ബംഗ്ലാദേശിന് മുന്നിൽ വെച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് 11 റൺസ് അകലെ തോൽവി വഴങ്ങി.
രണ്ടാം ഏകദിനത്തിൽ ബംഗ്ലാദേശ് തിരിച്ചടിച്ചു. ലോകത്തെ തന്നെ പിടിച്ചുകുലുക്കിയ സുനാമി ഉണ്ടായ ആ ദിനത്തിൽ, ബംഗ്ലാദേശ് ഇന്ത്യയെ 15 റൺസിന് തോൽപിച്ചു. ധോണിക്ക് ആ മത്സരത്തിൽ വെറും 12 റൺസ് മാത്രമാണ് നേടാൻ ആയതു. പരമ്പരയിലെ അവസാന മത്സരം ധാക്കയിൽ വെച്ചായിരുന്നു. സെഹ്‌വാഗ്, ഗാംഗുലി, യുവരാജ്, ദ്രാവിഡ് എന്നിവർ അർധശതകം നേടി. മാത്രമല്ല സച്ചിനും 47 റൺസ് നേടി. ഇവരുടെ എല്ലാം പ്രയത്നത്തിന്റെ ഫലമായി ഇന്ത്യ 348 എന്ന കൂറ്റൻ വിജയലക്ഷ്യം ഉയർത്തി. ധോണിക്കു മത്സരത്തിൽ ആകെ രണ്ട് പന്ത് മാത്രമാണ് ലഭിച്ചത്. അതിൽ ഇന്നിംഗ്‌സിന്റെ അവസാന പന്ത് ആകാശമാർഗം അതിർത്തി കടത്തിയാണ് ധോണി തിരിച്ചു കേറിയത്. ഇന്ത്യ 91 റൺസിന് സുരക്ഷിതമായി ആ മത്സരം വിജയിച്ചു പരമ്പരയും നേടി.
ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ വെച്ച് നടന്ന പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ ഒരിക്കൽ കൂടി ധോണിക്ക് അവസരം കിട്ടി. 3 മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ കലാശിച്ചതിന് ശേഷമാണ് ഇരുവരും ഏകദിന പരമ്പരയ്ക്ക് ഇറങ്ങിയത്. കൊച്ചിയിൽ വെച്ച് നടന്ന ആദ്യ ഏകദിനത്തിൽ സെവാഗിന്റെയും, ദ്രാവിഡിന്റെയും സെഞ്ചുറികളുടെ മികവിൽ ഇന്ത്യ 281 റൺസ് കുറിച്ചു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ, പാകിസ്ഥാൻ ബാറ്റിംഗ് ലൈനെപ്പിന്റെ നടുവൊടിച്ചത് സച്ചിനായിരുന്നു. ബാറ്റ് കൊണ്ട് മികച്ച പ്രകടനം കാണിച്ചിരുന്നു സച്ചിൻ അന്ന് അതിനു കഴിയാത്തത് കൊണ്ട് പന്ത് കൊണ്ട് മായാജാലം കാട്ടി, സച്ചിന്റെ പന്തുകളുടെ ഗതി അറിയാതെ പാകിസ്ഥാൻ ബാറ്റസ്മാൻമാർ ഒന്നൊന്നായി കീഴടങ്ങി. തന്റെ കരിയറിലും ആ മൈതാനത്തും സച്ചിൻ രണ്ടാം തവണ തന്റെ 5 വിക്കറ്റ് നേട്ടം ആഘോഷമാക്കി. മത്സരം ഇന്ത്യ 87 റൺസിന് വിജയിച്ചു.
2005 ഏപ്രിൽ 5, വിശാഖപട്ടണം
ആദ്യ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ രണ്ടാം ഏകദിനത്തിന് ഇറങ്ങിയത്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു. ഇന്ത്യൻ ഇന്നിംഗ്‌സിന്റെ നാലാം ഓവറിൽ മുഹമ്മദ് യൂസഫ് റൺ ഔട്ടിലൂടെ സച്ചിനെ മടക്കി അയച്ചു. എന്നാൽ സച്ചിന് ശേഷം ഗാംഗുലിയെ പ്രതീക്ഷിച്ച എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് മൂന്നാമതായി ഇറങ്ങിയത് ധോണി ആയിരുന്നു. ധോണി ക്രീസിൽ എത്തുമ്പോൾ സെവാഗ് വിശ്വരൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു. വെറും 26 പന്തുകളിൽ നിന്നായിരുന്നു സെവാഗ് അർധശതകം പൂർത്തിയാക്കിയത്. മുൻപ് താൻ ആവർത്തിച്ച തെറ്റുകൾ ഈ മത്സരത്തിൽ വരുത്താതിരിക്കാൻ ശ്രദ്ധയോടെയാണ് ധോണി തുടങ്ങിയത്. മറുവശത്തു സെവാഗ് സംഹാര താണ്ഡവമാടുകയായിരുന്നു. 14ആം ഓവറിൽ സെവാഗ് പുറത്താകുമ്പോൾ 40 പന്തിൽ 70 റൺസാണ് സ്വന്തമാക്കിയത്. അപ്പോൾ ഇന്ത്യയുടെ സ്കോർ 122-2. പക്ഷേ അടുത്തതായി ക്രീസിൽ എത്തിയ ദാദയ്ക്ക് 22 പന്തുകൾ നേരിട്ട് വെറും 9 റൺസാണ് നേടിയത്. ഗാംഗുലിയെ അനുഗമിച്ചു വന്ന ദ്രാവിഡിനെ ഒരറ്റത്ത് നിർത്തി ധോണി പതിയെ തന്റെ സ്വാഭാവിക ശൈലിയിൽ എത്തി. സെവാഗ് നിർത്തയിടത്തു നിന്ന് ധോണി തുടങ്ങി. പാകിസ്ഥാൻ ബൗളർമാരെ മൈതാനത്തിന്റെ നാലു പാടും അയാൾ തല്ലി ചതച്ചുകൊണ്ടിരുന്നു. ഒടുവിൽ നേരിട്ട എൺപത്തിയെട്ടാമത്തെ പന്തിൽ ഒരു സിംഗിളിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ കന്നി ശതകം കുറിച്ചു. എന്നാൽ അവിടം കൊണ്ടും ധോണി നിർത്താൻ തയാറായില്ല. മധ്യ ഓവറുകളിൽ ഇന്ത്യയുടെ സ്കോർ കുതിച്ചുയർന്നു കൊണ്ടിരുന്നു. 42ആം ഓവറിൽ ധോണി പുറത്തുകുമ്പോൾ ദ്രാവിഡുമായി ചേർന്ന് സ്കോർബോർഡിൽ ആ സഖ്യം 149 റൺസ് കുറിച്ചു . ധോണി പുറത്തുകുമ്പോൾ 123 പന്തിൽ 148 റൺസ് തന്റെ പേരിൽ ചേർത്തിരുന്നു. അതിൽ 15 ഫോറും, 4 സിക്സും ഉൾപ്പെട്ടിരുന്നു. ധോണി പുറത്തായതിന് പിന്നാലെ ദ്രാവിഡും മടങ്ങി. ഇന്നിംഗ്‌സിന്റെ അവസാന ഘട്ടത്തിൽ ബാലാജിയും, സഹീറും നടത്തിയ മിന്നൽ ബാറ്റിംഗ് ഇന്ത്യയെ 356 എന്ന കൂറ്റൻ സ്‌കോറിൽ എത്തിച്ചു. കൂറ്റൻ വിജയലക്ഷ്യം ചേസ് ചെയ്യാൻ ഇറങ്ങിയ പാകിസ്ഥാന് തുടക്കത്തിലെ അഫ്രിദിയെ നഷ്ടമായി. റൺസൊന്നും എടുക്കാതെ അഫ്രിദിയുടെ സ്റ്റമ്പുക്കൾ നെഹ്റ പിഴുതെടുത്തു. ക്രീസിൽ നിലയുറപ്പിച്ചു തുടങ്ങിയ സൽമാൻ ബട്ടിനെ കൂടി നെഹ്റ പവിലിയണിൽ എത്തിച്ചു. തുടർന്നിറങ്ങിയ ഇൻസ്‌മാമിനെ പതിവ് പോലെ റൺഔട് ആക്കി. അബ്ദുൽ റസാഖും, മുഹമ്മദ് യൂസുഫും പാകിസ്താന് വേണ്ടി പൊരുതി. പക്ഷെ അവർക്ക് കൃത്യമായ ഇടവേളകളിൽ വിക്കറ്റ് നഷ്ടമായി കൊണ്ടിരുന്നു. ഒടുവിൽ പാകിസ്ഥാന്റെ പോരാട്ടം 298ഇൽ അവസാനിച്ചു. ധോണിയുടെ തകർപ്പൻ സെഞ്ച്വറി നേട്ടം അദ്ദേഹത്തെ കളിയിലെ താരമാക്കി. പക്ഷെ പരമ്പരയിൽ അവശേഷിച്ചിരുന്ന നാല് മത്സരങ്ങൾ ജയിച്ചു പരമ്പര പാകിസ്ഥാൻ സ്വന്തമാക്കി. പക്ഷേ ധോണി എന്ന കളിക്കാരന്റെ കഴിവുകൾ ലോകം കാണാനിരിക്കുന്നതേ ഉള്ളു.
(തുടരും)

Comments
Post a Comment