തല'മുറ' മാറ്റം


Complete journey of the Cricket Helmet 



Complete journey of the "Cricket Helmet"

                ഹെൽമെറ്റ്‌ ധരിച്ചു ബാറ്റ് ചെയ്യാൻ എത്തി എന്ന കാരണം കൊണ്ട് മാത്രം കാണികളുടെ കൂവലും പരിഹാസവും കളിക്കാർ ഏറ്റു വാങ്ങേണ്ടി വന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? എന്നാൽ അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. പ്രഫഷണൽ ക്രിക്കറ്റിൽ ഹെൽമെറ്റ്‌ എന്ന ഉപകരണം ക്രിക്കറ്റ്‌ കളിക്കാർ ഉപയോഗിച്ച് തുടങ്ങുന്നത് തന്നെ ക്രിക്കറ്റിലെ ആദ്യത്തെ ടെസ്റ്റ് മത്സരം നടന്നതിനു ഏകദേശം 100 വർഷങ്ങൾക്ക് ശേഷമാണ്. അത്രയും നാൾ വരെ ബാറ്റസ്മാൻമാർ ഹെൽമെറ്റ്‌ ഇല്ലാതെ ആണ് ബൗളറെ നേരിട്ടത്. പക്ഷേ ഇതിലെ വിരോധാഭാസം എന്ന് തോന്നാവുന്ന കാര്യം, ക്രിക്കറ്റിന്റെ ആദ്യകാലത്ത് തന്നെ ലൈംഗിക അവയവത്തെ സംരക്ഷിക്കുന്ന ടെസ്റ്റിക്കുലർ ബോക്സ്‌ വ്യാപകമായി കളിക്കാർ ഉപയോഗിച്ചിരുന്നു എന്ന രേഖകൾ സൂചിപ്പിക്കുന്നു. പക്ഷേ അവയെക്കാൾ ഏറെ പ്രധാനമാണ് ശിരസ്സ് എന്ന് ജനം മനസിലാക്കാൻ ഒരു നൂറ്റാണ്ടിലധികം വേണ്ടി വന്നു.


ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്ക് ഏൽക്കുന്ന ക്ഷതങ്ങൾ 80% തകരാർ ഉണ്ടാകുന്നവ ആണെങ്കിൽ പോലും ജീവിക്കുവാൻ സാധിക്കും. എന്നാൽ ശിരസിനേൽകുന്ന ക്ഷതങ്ങൾ 25% തകരാർ ആണെങ്കിൽ പോലും ജീവൻ നഷ്ടപ്പെടും. നമ്മുടെ ശരീരത്തിൽ അത്രമേൽ പ്രധാനപെട്ട ഭാഗമാണ് തല. 160 ഗ്രാം ഭാരവും 140 കിലോമിറ്റർ വേഗവുമുള്ള ഒരു ക്രിക്കറ്റ്‌ പന്ത്‌ ശിരസിൽ പതിച്ചാൽ മനുഷ്യന്റെ ജീവൻ പൂ പോലെ നുള്ളി എടുക്കാൻ സാധിക്കും. അതുകൊണ്ട് ഹാർഡ് ബോൾ ക്രിക്കറ്റ്‌ കളിക്കുമ്പോൾ ഹെൽമെറ്റ്‌ നിർബന്ധമായും ധരിച്ചിരിക്കണം. ഇന്ന് ഞാൻ പറയാൻ ആഗ്രഹിക്കുന്നത് ക്രിക്കറ്റ്‌ ഹെൽമെറ്റിന്റെ ചരിത്രവും ഓരോ കാലഘട്ടത്തിൽ ഹെൽമെറ്റിനു വന്ന മാറ്റങ്ങളെ കുറിച്ചുമാണ്.


1930 കാലഘട്ടങ്ങളിൽ പോലും വിൻഡീസ് ബൗളമാർ മറ്റ് ടീമിലെ ബാറ്റ്സ്മാന്മാർക്ക് ഒരു പേടിസ്വപ്നം ആയിരുന്നു. അവരുടെ പന്തുകൾ കൊണ്ട് ബാറ്റ്സ്മാന് പരിക്ക് പറ്റുന്നത് ഒരു സാധാരണ കാഴ്ച ആയിരുന്നു. 1933ൽ ഇംഗ്ലണ്ടും വിൻഡീസും തമ്മിലുള്ള ലോർഡ്‌സിൽ നടന്ന ഒരു ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന്റെ പാട്സി ഹെൻഡ്രൻ (Patsy Hendren) എന്ന ഇംഗ്ലണ്ടിന്റെ മുൻനിര ബാറ്റ്സ്മാൻ ക്രിക്കറ്റിൽ അന്ന് വരെ കണ്ടിട്ടില്ലാത്ത വിചിത്രമായ ഒരു തൊപ്പി ധരിച്ചു ബാറ്റ് ചെയ്യാൻ എത്തി. മൂന്നു പീക്കുകൾ ഉള്ള തൊപ്പിയുടെ രണ്ട് വശങ്ങൾ ചെവി മറച്ചു പിടിക്കുകയും, ബാക്കി ഭാഗം സാധാരണ തൊപ്പി പോലെയും ആ ഹെൽമെറ്റ്‌ കാണപ്പെട്ടു (Three peaked cap). ക്രിക്കറ്റിലെ ആദ്യത്തെ ഹെൽമെറ്റ്‌ ആയിരുന്നു അത്. റബ്ബറും തുണിയും ഉപയോഗിച്ച് പാട്സിയുടെ ഭാര്യ മിന്നി ഹെൻഡ്രനാണ് ഇത്തരം ഒരു ഹെൽമെറ്റ്‌ നിർമ്മിച്ചത്. അതിന് കാരണം രണ്ട് വർഷം മുൻപ് ഒരു മൽസരത്തിനടിയിൽ പാട്സിയുടെ തലയിൽ പന്ത് പതിക്കുകയും 6 സ്റ്റിച്ചുകൾ ഇടുകയും ചെയ്തു. മാത്രമല്ല 4 വ്യത്യസ്ത സാഹചര്യങ്ങളിൽ പന്ത് തലയിൽ കൊണ്ട് അയാൾക്ക് പരിക്ക് പറ്റിട്ടുണ്ട്. ഈ സംഭവങ്ങൾ ആണ് അപകടകാരികളായ വിൻഡീസ് ബൗളർമാർക്ക് എതിരെയുള്ള മത്സരത്തിൽ തലയുടെ കൂടുതൽ സംരക്ഷണത്തിനായി ഹെൽമെറ്റ്‌ നിർമിക്കുന്നതിനെ കുറിച്ചു അവരെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. പക്ഷേ ഹെൽമെറ്റിന്റെ അമിതമായ ഭാരം കാരണം അടുത്ത് സീസണിൽ ഹെൽമെറ്റ്‌ ധരിക്കാതെ ആണ് അയാൾ കളിച്ചത്. എന്നിരുന്നാലും ക്രിക്കറ്റിൽ ഹെൽമെറ്റ്‌ ഒരു ആവശ്യവസ്തുവായി മാറാൻ പിന്നെയും 50 വർഷങ്ങൾ വേണ്ടി വന്നു. 1977ൽ ഇംഗ്ലണ്ടിന്റെ ഡെനിസ് അമ്മിസ് (Dennis Ammis) വിൻഡിസും ഓസ്ട്രേലിയയും ഉൾപ്പെട്ട വേൾഡ് സീരീസ് ക്രിക്കറ്റ്‌ എന്ന പരമ്പരയിൽ കസ്റ്റമൈസിഡ് ഫൈബർ ഗ്ലാസ് (Customized fibre glass) ഹെൽമെറ്റ്‌ ഉപയോഗിച്ചു. ഹെൽമെറ്റിനോടൊപ്പം 10 യാർഡ് ദൂരെ നിന്നുള്ള ഒരു ഷോട്ട് ഗൺിന്റെ വെടിയുണ്ടയെ ചെറുക്കുന്ന തരത്തിൽ ഒരു വിസറും ഹെൽമെറ്റിൽ ഉൾപ്പെടുത്തി. വിൻഡീസ് പേസറുമാരുടെ ബൗൺസ്റുകളിൽ നിന്ന് രക്ഷ നേടാൻ വേണ്ടിയാണ് ഒരു മോട്ടോർസൈക്കിൾ ഹെൽമെറ്റ്‌ നിർമാതാവിന്റെ സഹായത്തോടെ ഡെന്നിസ് ഹെൽമെറ്റ്‌ നിർമിച്ചത്. വെയ്ൻ പ്രയർ എന്ന ഓസ്ട്രേലിയൻ ബൗളേറുടെ ഒരു ബൗൺസർ അദ്ദേഹത്തിന്റെ താടിയിൽ പരിക്കേല്പിക്കുന്നത് ഒഴുവാക്കാൻ അന്ന് ആ വിസറിനു കഴിഞ്ഞു. പക്ഷേ കാണികൾക്ക് അയാൾ ഹെൽമെറ്റ്‌ ധരിച്ചു ബാറ്റ് ചെയ്യാൻ എത്തിയത് അയാളുടെ ഭീരുത്വമായി കണ്ടു കളിയാകുകയും കുക്കിവിളികുകയുമാണ് അന്ന് ചെയ്തത്. പതിയെ പതിയെ മറ്റ് കളിക്കാരും അവരുടെ തലകൾ സംരക്ഷിക്കാൻ ഹെൽമെറ്റ്‌ ഉപയോഗിക്കാൻ തീരുമാനിച്ചു. സഹീർ അബ്ബാസ്, സുനിൽ ഗാവസ്‌കർ, ടോണി ഗ്രെഗ്, ഡേവിഡ് ഹൂക്സ് തുടങ്ങിയ താരങ്ങൾ പല മോഡലിലുള്ള ഹെൽമെറ്റുകൾ ധരിച്ചു ആക്കാലത്ത് കളത്തിലിറങ്ങി. ഇന്നുള്ള ഹെൽമെറ്റുകളിൽ നിന്ന് വളരെ വിഭിന്നമായ ഹെൽമെറ്റ്‌ ആണ് അന്ന് അവർ ധരിച്ചത്. 1978ൽ ഓസ്ട്രേലിയൻ കളിക്കാരൻ ആയ ഗ്രഹാൻ എല്ലോപ് (Grahan Yallop) ആണ് ടെസ്റ്റ് മത്സരത്തിൽ ആദ്യമായി ഹെൽമെറ്റ്‌ ധരിച്ചു കളിച്ചത്. ഡെന്നിസ് ലിലി, മൈക്കിൾ ഹോൽഡിങ്, ജെഫ് തോംപ്സൺ, ജോയൽ ഗാർനർ, ആന്റി റോബർട്ട്‌സ്, മാൽകം മാർഷൽ തുടങ്ങിയ കളിക്കാരുടെ പന്തുകൾ തങ്ങളുടെ ജീവന് ആപത്താണ് എന്ന് കളിക്കാർ മനസിലാക്കി. അതുകൊണ്ടാണ് കാണികളുടെ അധിക്ഷേപങ്ങളെക്കാൾ കളിക്കാർ സ്വന്തം ജീവന് കൂടുതൽ വില നൽകി ഹെൽമെറ്റ്‌ ധരിക്കാൻ തീരുമാനിച്ചത്.


ഹെൽമെറ്റ്‌ ക്രിക്കറ്റിൽ ഉപയോഗിക്കുന്നതിന് മുൻപും ശേഷവും ധാരാളം കളിക്കാർക്ക് തലയ്ക്ക് പരിക്ക് പറ്റി മരണപ്പെട്ടിട്ടുണ്ട്. 1870ൽ നോട്ടിങ്ഹാംഷെയറിന് വേണ്ടി കളിച്ച ജോർജ് സമ്മേഴ്‌സ് ബാറ്റിങ്ങിന് ഇടയിൽ പന്ത് കൊണ്ട് മരിച്ചു. 1959ൽ പാക്കിസ്ഥാന്റെ അബ്ദുൽ അസീസ്,1993ൽ ലാങ്ക്ഷെയറിന്റെ ഇയൻ ഫോളി, 1998ൽ ധാക്കയിലെ ഒരു ക്ലബിന് വേണ്ടി ഷോർട്ട് ലെഗ് പൊസിഷനിൽ ഫീൽഡ് ചെയുകയിരുന്ന ഇന്ത്യയുടെ രമൺ ലംബ തുടങ്ങിയ കളിക്കാർ ഇത്തരത്തിൽ കൊല്ലപ്പെട്ടു. ഇന്ത്യയുടെ നരി കോൺട്രാക്ടർ 1962ൽ വിൻഡീസിന് എതിരെയുള്ള ടെസ്റ്റ് മൽസരത്തിനിടെ തലയ്ക്ക് ഏറ്റ ഗുരുതരമായ പരിക്ക് കാരണം ക്രിക്കറ്റിൽ നിന്ന് നിർബന്ധിത വിരമിക്കൽ പ്രഖ്യാപിക്കേണ്ടി വന്നു. ഇത്തരം സംഭവങ്ങൾ ക്രിക്കറ്റിൽ ഹെൽമെറ്റിന്റെ ആവശ്യകത എത്രത്തോളം ആണെന്ന് സൂചിപ്പിക്കുന്നു. പക്ഷേ ഹെൽമെറ്റ്‌ ധരിച്ചിട്ട് പോലും ക്രിക്കറ്റിൽ പിന്നെയും അപകടങ്ങൾ സംഭവിച്ചു. വഖാർ യുനിസിനെ നേരിട്ട് സച്ചിനും,2002ൽ മെർവ് ഡിലിയൺ എതിരെ ബാറ്റ് ചെയ്തു അനിൽ കുംബ്ലെ, പിന്നെ സഞ്ജയ്‌ മഞ്ചേരേക്കർ, ക്രൈഗ് കിസ്വെറ്റർ, സ്റ്റുവർട്ട് ബ്രോഡ്, ബ്രണ്ടൻ മക്കലും, ഒടുവിൽ അലക്സ്‌ ക്യാരിയും സ്റ്റീവ് സ്മിത്തും വരെ ഹെൽമെറ്റ്‌ ഉണ്ടായിരുന്നിട്ട് പോലും തലയ്ക്ക് പരിക്കേറ്റ് മടങ്ങുന്നു കാഴ്ച കാണേണ്ടി വന്നു. ബാറ്റ്സ്മാൻ മാത്രമല്ല ക്ലോസ് പൊസിഷനിൽ ഫീൽഡ് ചെയുന്ന ഫീൽഡ്ർമാരും വിക്കറ്റ് കീപ്പർമാരും ഹെൽമെറ്റ്‌ ധരിക്കേണ്ടത് അത്യന്താപേക്ഷിതം ആണ്.


പല കാലങ്ങളിലായി ഹെൽമെറ്റ്‌ ബാറ്റസ്മാനു കൂടുതൽ സംരക്ഷണം നൽകുന്നതിനായി പല മാറ്റങ്ങളും കൊണ്ട് വന്നു. ആദ്യ കാലത്ത് മുഖം സംരക്ഷിക്കാൻ തക വിസറുകൾ ഹെൽമെറ്റിൽ ഉണ്ടായിരുന്നില്ല. സുനിൽ ഗാവസ്‌കർ ഉപയോഗിച്ച ആദ്യ കാല ഹെൽമെറ്റ്‌ സ്കൾ ക്യാപ് എന്നാണ് അറിയപെടുന്നത്. അത് പൂർണമായും തല മറച്ചിരുന്നില്ല. ആദ്യകാലത്തെ ഹെൽമെറ്റുകൾ ബാറ്റസ്മാന്റെ കാഴ്ച തടസപ്പെടുത്തുന്നവയും, ഒരുപാട് ചൂട് ഉൽപാദിക്കുന്നവയും വളരെ ഭാരമേറിയതും ആണ്. കാലക്രമണേ പല മാറ്റങ്ങളും വരുത്തി ഇന്ന് കാണുന്ന രൂപ്പത്തിൽ ആയി.


2014ൽ ഒരു കൗണ്ടി മത്സരത്തിൽ കിസ്വെറ്ററിന് ഗ്രില്ലിനിടയിലുടെ കടന്നു വന്ന പന്ത് കൊണ്ട് മുഖത്തിന്‌ സാരമായ പരിക്ക് പറ്റി. ഈ അപകടം കാരണം തന്റെ കരിയർ അദ്ദേഹത്തിന് അവസാനിപ്പിക്കേണ്ടി വന്നു. ഹെൽമെറ്റ്‌ നിർമാണകമ്പനികൾ ഈ പോരായ്മ മനസിലാക്കി ഗ്രില്ലും ക്യാപ്പും തമ്മിലുള്ള അകലം കുറയ്ക്കാൻ കാരണം ആവുകയും, ഇംഗ്ലണ്ട് ക്രിക്കറ്റ്‌ ബോർഡ്‌ അഡ്ജസ്റ്റബിൾ ഗ്രിലുള്ള ഹെൽമെറ്റ്‌ ഉപയോഗിക്കുന്നതിൽ നിന്ന് കളിക്കാരെ വിലക്കുകയും ചെയ്തു. പക്ഷേ ഹെലമെറ്റിൽ വിപ്ലവകരമായ മാറ്റം കൊണ്ട് വരാൻ കാരണമായത് ഫിലിപ്പ് ഹ്യൂഗ്സിന്റെ മരണം ആണ്. ഹ്യൂഗ്സ് അന്ന് ഉപയോഗിച്ചിരുന്നത് മസൂറിയുടെ മികച്ച മോഡലുകൾ ഒന്ന് എന്ന് കരുതപ്പെടുന്ന ഒരു ഹെൽമെറ്റ്‌ ആയിരുന്നു. എന്നാൽ ആ ഹെൽമെറ്റിനും സംരക്ഷിക്കാൻ കഴിയാത്ത ഭാഗങ്ങൾ ഉണ്ട് എന്ന് ഹ്യൂഗ്സിന്റെ വിയോഗത്തോടെ മനസിലായി. നെക്‌ ഗാർഡ് എന്ന ആശയം ആദ്യമായി ക്രിക്കറ്റിൽ അവതരിപ്പിച്ചത് 2015 ലോകകപ്പിൽ അയർലണ്ടിനെ നയിച്ച ജോൺ മൂണി ആണ്. ഒരു ക്ലബ്‌ മത്സരം കളിക്കുന്നതിനിടയിൽ ഹ്യൂഗ്സിന് പന്ത് കൊണ്ട സമാനമായ ഭാഗത്തു വെച്ച് തന്റെ കസിനും പ്രഹരം ഏൽക്കുന്നു. ഇതേതുടർന്ന് മൂണി തന്റെ അമ്മാവന്റെ സഹായത്തോടെ ഗ്രിൽ ഉപയോഗിച്ച് ഹെൽമെറ്റിൽ നെക്‌ ഗാർഡ് കൂട്ടിച്ചേർക്കുകയും ലോകകപ്പ്‌ മത്സരത്തിൽ മൂണി അവ ഉപയോഗിക്കുകയും ചെയ്തു. ഇത്തരം ഒരു ആശയത്തെ കുറിച്ചു കൂടുതൽ ചിന്തിക്കാൻ പ്രമുഖ ഹെൽമെറ്റ്‌ നിർമാണ്ണ കമ്പനി ആയ മസൂറി തീരുമാനിച്ചു. മൂണിയുടെ ഡിസൈൻ ഹെൽമെറ്റിന്റെ ഭാരം കൂട്ടുന്നതും, ബാറ്റസ്മാന്റെ ബാലൻസ് നഷ്ടപെടുന്നതുമാണ് എന്ന് കണ്ടെത്തി. ഒടുവിൽ ഒരുപാട് പരീക്ഷണങ്ങൾക്ക് ശേഷം ഹെൽമെറ്റിൽ ആവശ്യാനുസരണം കൂട്ടിച്ചേർക്കാൻ കഴിയുന്ന സ്റ്റേം ഗാർഡിന്(Stem guard) അംഗീകാരം ലഭിച്ചു. ഷ്റേ(Shrey) ഗൺ ആന്റ് മൂറെ(GM) തുടങ്ങിയ ഹെൽമെറ്റ്‌ നിർമാണ കമ്പനികൾ അവരുടേതായ ഡിസൈനിൽ നെക്‌ ഗാർഡുകൾ നിർമ്മിച്ചു പുറത്തിറക്കി. നെക്‌ ഗാർഡ് ഹെൽമെറ്റിൽ ഉപയോഗിക്കുന്നത് ഇതുവരെയും നിർബന്ധം ആകിയിട്ട് ഇല്ല.


ആധുനിക ക്രിക്കറ്റിൽ ഹെൽമെറ്റ്‌ നിർമ്മിക്കുന്നതിന്റെ അടിസ്ഥാനം തത്വം വളരെ വേഗത്തിൽ സഞ്ചരിച്ചു വരുന്ന പന്തിന്റെ ഊർജം ആഗീരണം ചെയത് ആക്കം കുറയ്ക്കുക എന്നത് ആണ്. ഹെൽമെറ്റ്‌ രണ്ട് പാളികളായി നിർമ്മിക്കുകയും. ഇവയ്ക്ക് രണ്ടിനും ഇടയ്ക്ക് ഉള്ള ശൂന്യമായ സ്ഥലത്ത് ഫോം (foam) ഉപയോഗിച്ച് പന്ത് പതിക്കുമ്പോൾ ഉണ്ടാകുന്ന പരമാവധി ആഘാതം കുറയ്ക്കാൻ കഴിയും.

പക്ഷേ ഹെൽമെറ്റ്‌ ആവശ്യം ഉള്ള ഒരു വിഭാഗം പേർ ക്രിക്കറ്റിൽ ഇനിയും ഉണ്ട്, T20 ക്രിക്കറ്റിന്റെ വരവോടെ ബൗളർക്കും അമ്പയറമാർക്കും അപകട സാധ്യത കൂടി. പരമാവധി ശക്തിയിൽ പന്ത് അടിച്ചകറ്റാൻ ശ്രമിക്കുന്ന ബാറ്റ്സ്മാൻ പലപ്പോഴും ബൗളർക്കും അമ്പയറിനും ഭീഷണി ആണ്. ഒരു ഫാസ്റ്റ് ബൗളർ താൻ എറിഞ്ഞ പന്ത് തന്റെ നേരെ തിരിച്ചു വരുമ്പോൾ പ്രതികരിക്കാൻ കിട്ടുന്ന സമയം ഒരു സെക്കൻഡിൽ താഴെ ആണ്. അതുകൊണ്ട് അവർക്ക് പരിക്ക് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഇന്ത്യയുമായുള്ള പിങ്ക് ബോൾ പരിശീലന മത്സരത്തിൽ കാമറോൺ ഗ്രീനിനു സംഭവിച്ച അപകടം അത്തരത്തിൽ ഒന്നാണ്. ക്രിക്കറ്റിൽ ആദ്യമായി ഒരു ബൗളർ ഹെൽമെറ്റ്‌ ഉപയോഗിക്കുന്നത് 2017ലാണ്. കിവി പേസർ വാരൻ ബെൺസ് (Warren barnes) പരിശീലനത്തിന് ഇടയിലും മത്സരങ്ങളിലും പല തവണ തന്റെ ശരീരത്തിൽ പന്ത് പതിച്ചതിനാലാണ് അയാൾ ഹെൽമെറ്റ്‌ ഉപയോഗിക്കാൻ തീരുമാനിച്ചത്. ഹോക്കി കളിക്കാർ ഉപയോഗിക്കുന്ന ഹെൽമെറ്റിൽ രൂപമാറ്റം വരുത്തിയാണ് അയാൾ ക്രിക്കറ്റിൽ ഉപയോഗിച്ചത്. 2019 ലോകകപ്പ് മത്സരങ്ങളുടെ പരിശീലന വേളിയിൽ ഓസ്ട്രേലിയയുടെ നെറ്റ് ബൗളർ ജയ്കിഷന്റെ തലയിൽ വാർണർ അടിച്ച പന്ത് കൊള്ളുകയും തലയോട്ടിയിൽ പൊട്ടൽ കണ്ടെത്തുകയും ചെയ്തു. ഈ സംഭവം ബൗളർമാർക്കു വേണ്ടിയും ഹെൽമെറ്റ്‌ നിർമ്മികുന്നതിനെക്കുറിച്ച് ക്രിക്കറ്റ്‌ ഓസ്ട്രേലിയ ചിന്തിക്കാൻ കാരണമായി. ഇംഗ്ലണ്ടുമായി ചേർന്നു ക്രിക്കറ്റ്‌ ഓസ്ട്രേലിയ ബൗളർക്ക് അനിയോജ്യമായ ഹെൽമെറ്റ്‌ നിർമ്മിക്കുന്നതിന്റെ പണിപുരയിൽ ആണ്. അധികം വൈകാതെ തന്നെ ബൗളർമാരും ഹെൽമെറ്റ്‌ അണിഞ്ഞു കളിക്കുന്നത് നമുക്ക് കാണാൻ കഴിയും.


ഓസ്ട്രേലിയൻ അമ്പയർ ജോൺ വാർഡ് ആണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹെൽമെറ്റ്‌ ഉപയോഗിച്ച ആദ്യത്തെ അമ്പയർ. 2016ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിലാണ് അദ്ദേഹം ഹെൽമെറ്റ്‌ ധരിച്ചു കൊണ്ട് മത്സരം നീയന്ത്രിച്ചത്. ഈ സംഭവത്തിന്‌ കുറച്ച് ദിവസങ്ങൾക്കു മുൻപ് നടന്ന പഞ്ചാബും തമിഴ്നാടും തമ്മിലുള്ള രഞ്ജി മത്സരം നീയന്ത്രികവേ അദ്ദേഹത്തിന് പരിക്ക് പറ്റുകയും മത്സരം തുടർന്ന് നീയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം വന്നപ്പോഴാണ് ഹെൽമെറ്റ്‌ ധരിക്കുന്നതിനെക്കുറിച്ചു അദ്ദേഹം ആലോചിക്കുന്നത്. പിന്നീട് പല അമ്പയർമാരും ഹെൽമെറ്റ്‌ ധരിച്ചു കളത്തിൽ ഇറങ്ങിയെങ്കിലും, ആക്കൂട്ടത്തിൽ ബ്രൂസ് ഓക്സൻഫോർഡ് വ്യത്യസ്തനായി. അദ്ദേഹം ഹെൽമെറ്റ്‌ അല്ല ധരിച്ചത്, പകരം സ്വന്തമായി രൂപകല്പന ചെയ്തു ഒരു ഷിൽഡ് ഇടതു കൈയിൽ ചേർത്ത് കെട്ടിയാണ് മത്സരം നിയന്ത്രിച്ചത്. ലോലിപോപിന്റെ രൂപത്തിലുള്ള ആ ഷിൽഡ് ഉപയോഗിച്ച് മുഖം മറയ്ക്കാൻ കഴിയും. ഇസ്രായേലിൽ വെച്ച് നടന്ന ഒരു ക്രിക്കറ്റ്‌ മത്സരം നിയന്ത്രികേ അമ്പയർ മരണപെട്ട സംഭവത്തെ തുടർന്നാണ് ഇത്തരം ഒരു സംരക്ഷണം നൽകുന്ന ഷിൽഡ് അദ്ദേഹം നിർമ്മിച്ചത്. പക്ഷേ ഈ ഷിൽഡ് മറ്റ് അമ്പയർമാർ ആരും തന്നെ ഉപയോഗിച്ചില്ല. എന്നാൽ ഹെൽമെറ്റ്‌ ധരിച്ചു പിന്നെയും അമ്പയർമാർ കളി നിയന്ത്രിച്ചിരുന്നു.

ക്രിക്കറ്റ്‌ എന്ന് മത്സരം എത്രയായൊക്കെ സുരക്ഷ മുൻകരുതൽ എടുത്താലും അപകടങ്ങൾ ഉണ്ടാകുവാൻ സാധ്യത ഉളവയാണ്. ഹാർഡ് ബോൾ ക്രിക്കറ്റ്‌ കളിക്കുമ്പോൾ നെറ്റ്സിൽ പ്രാക്ടീസ് ചെയുക ആണെങ്കിൽ പോലും എല്ലാം വിധ സുരക്ഷയും സ്വീകരിച്ചതിനു ശേഷം മാത്രം കളിക്കാൻ എല്ലാവരും ശ്രദ്ധിക്കുക. കളിക്കാരുടെ ജീവനും ആരോഗ്യത്തിനും കൂടുതൽ മുൻകരുതൽ എടുത്ത് കൊണ്ടുള്ള തീരുമാനങ്ങൾ ഐസിസിയുടെ ഭാഗത്തു നിന്ന് ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കുന്നു.


(അവസാനിച്ചു)

Comments

Post a Comment

Popular posts from this blog

Evolution of Cricket to Shorter formats

Happy Birthday to the "Prince of Cover Drives"

The real Warrior