മഹി എന്ന മായാജാലക്കാരൻ


1. റാഞ്ചിയിലെ അത്ഭുത ബാലൻ


                                                         ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റൻ, ലോകത്തിലെ തന്നെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാൾ. ഐസിസി നടത്തുന്ന എല്ലാ ടൂർണമെന്റുകളും വിജയിച്ച ലോകത്തിലെ ഒരേയൊരു ക്യാപ്റ്റൻ, അങ്ങനെ വിശേഷണങ്ങൾ നീണ്ടു പോകുന്നു ധോണിയെ കുറിച്ച് പറയുമ്പോൾ. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ധോണിയുടെ ആദ്യ ചുവടുവെയിപ്പിന് ഇന്നേക്ക്16 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ കാലയളവിൽ ഇന്ത്യയ്ക്ക് അഭിമാനിക്കാവുന്ന ധാരാളം നേട്ടങ്ങൾ ധോണിയിലൂടെ സ്വന്തമാക്കി. റാഞ്ചി എന്ന ചെറുപട്ടണത്തിൽ നിന്ന് ലോകത്തിലെ മികച്ച ക്യാപ്റ്റൻ എന്ന് പദവിയിൽ എത്താൻ ധോണി താണ്ടിയ വഴികളിലൂടെ ഒരു പ്രയാണം നടത്തി നോക്കാം.


1981 ജൂലൈ 7നു, ഉത്തരാഖണ്ഡിൽ വേരുകൾ ഉള്ള ഒരു രാജ്പുത് കുടുംബത്തിൽ പാൻ സിംഗിന്റെയും, ദേവകി ദേവിയുടെയും മകനായി, അന്ന് ബീഹാറിന്റെ ഭാഗമായിരുന്ന റാഞ്ചിയിൽ ധോണിയുടെ ജനനം. ധോണിയുടെ മാതാപിതാക്കൾ ഉത്തരാഖണ്ഡ് സ്വദേശികളാണ്. അവരുടെ 3 മക്കളിൽ ഏറ്റവും ഇളയവനായിരുന്നു ധോണി. ധോണിയുടെ പിതാവ് പാൻ സിംഗിന്റെ ജോലിയുടെ ഭാഗമായിട്ടാണ് അവർ റാഞ്ചിയിൽ എത്തുന്നത്. റാഞ്ചിയിലെ ജവഹർ വിദ്യാമന്ദിർ എന്ന വിദ്യാലയത്തിലാണ് ധോണി തന്റെ സ്കൂൾ വിദ്യഭ്യാസം നടത്തിയത്. സ്കൂൾ കാലഘട്ടത്തിൽ ബാഡ്മിന്റണിലും, ഫുട്ബോളിലും മികവ് കാട്ടിയിരുന്നു, മാത്രമല്ല ഇവ രണ്ടിനുമായി ക്ലബ്‌ തലത്തിലും ജില്ലാ തലത്തിലും ധോണി പങ്കെടുത്തു. തന്റെ സ്കൂൾ ക്രിക്കറ്റ്‌ ടീമിന് ഒരു വിക്കറ്റ് കീപ്പറുടെ അഭാവം ഉണ്ടായതിനാൽ ഗോൾകീപ്പർ ആയിരുന്ന ധോണിയെ, ഫുട്ബോൾ കോച്ച് സ്കൂൾ ടീമിന്റെ വിക്കറ്റ്‌കീപ്പറായി നിയോഗിച്ചു. മുൻപ് ഒരിക്കലും ക്രിക്കറ്റ്‌ കളിച്ചിട്ടില്ലെങ്കിൽ പോലും വിക്കറ്റ് കീപ്പർ ആയി മികച്ച പ്രകടനം തന്നെ ധോണി കാഴ്ച വെച്ചു. ഈ പ്രകടനം അദ്ദേഹത്തെ കമാൻഡോ ക്രിക്കറ്റ്‌ ക്ലബ്ബിന്റെ സ്ഥിരം വിക്കറ്റ് കീപ്പർ ആയി മാറാൻ സഹായിച്ചു. ധോണി ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നത് പത്താം തരത്തിന് ശേഷമായിരുന്നു. 1995 മുതൽ 98 വരെ ധോണി കമാൻഡോ ക്രിക്കറ്റ്‌ ക്ലബിന് വേണ്ടി കളിച്ചു. 


ക്ലബ്‌ തലത്തിലെ മികച്ച പ്രകടനങ്ങൾ 1997-98 സീസണിലെ വിനുമങ്കാദ് U-16 ചാമ്പ്യൻഷിപ്പിൽ തിരഞ്ഞെടുക്കാൻ കാരണമായി. അവിടെയും മതിപ്പ് ഉളവാക്കുന്ന പ്രകടനങ്ങൾ തന്നെയാണ് ധോണി നടത്തിയത്. 12ആം തരം വരെ സ്കൂൾ ക്രിക്കറ്റും ക്ലബ്‌ ക്രിക്കറ്റും മാത്രമായിരുന്നു ധോണി കളിച്ചത്. അതിനു ശേഷമാണ് പ്രഫഷണൽ ക്രിക്കറ്റ്‌ കളിക്കാൻ തുടങ്ങിയത്. 1998ഇൽ ദേവൽ സഹായ് ധോണിയെ സെൻട്രൽ കോൾ ഫീൽഡ്സ് ലിമിറ്റഡ് (CCL) ടീമിനായി കളിക്കാൻ തിരഞ്ഞെടുത്തു. ശീഷ് മഹൽ ടൂർണമെന്റിൽ സിസിഎലിനു വേണ്ടി ധോണി അടിക്കുന്ന ഓരോ സിക്സിനും ദേവൽ 50 രൂപ വെച്ച് കൊടുക്കുമായിരുന്നു. സിസിഎലിനു വേണ്ടി കുറച്ചു മത്സരങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ടോപ് ഓർഡറിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചു. അവിടെ ധോണി സെഞ്ച്വറി അടിക്കുകയും തന്റെ ടീമിനെ A ഡിവിഷനിലേക്ക് സ്ഥാനക്കയറ്റം നൽകാനും കഴിഞ്ഞു. ദേവലിനു ധോണിയുടെ കളിയോടുള്ള സമീപനത്തിലും അസാമാന്യ പ്രഹരശേഷിയിലും മതിപ്പ് ഉണ്ടായി. ആ സമയത്ത് ദേവൽ റാഞ്ചി ജില്ലാ ക്രിക്കറ്റ്‌ അസോസിയേഷൻ പ്രസിഡന്റ്‌ ആയിരുന്നു. ബീഹാർ ജൂനിയർ ക്രിക്കറ്റ്‌ ടീമിൽ ധോണിക്കു ഒരു സ്ഥാനം കണ്ടെത്താൻ അദ്ദേഹം സഹായിച്ചു. പിന്നീട് 1999-2000 സീസണിൽ സീനിയർ ടീമിലേക്കും ധോണിക്കു സെലെക്ഷൻ കിട്ടി. 


1998-99 സീസണിൽ ബീഹാർ U-19 ടീമിന് വേണ്ടി 5 മത്സരത്തിൽ നിന്ന് 176 റൺസ് നേടി. പക്ഷേ ബിഹാറിന് ക്വാർട്ടർ ഫൈനലിൽ കടക്കാൻ കഴിഞ്ഞില്ല. ഇതിനു ശേഷം നടന്ന സീ കെ നായിഡു ട്രോഫിയിലോ വിനു മങ്കാദ് ട്രോഫിയിലോ ധോണിക്ക് സ്ഥാനം ലഭിച്ചില്ല. 1999-2000 സീസണിലെ കൂച്-ബെഹർ ട്രോഫിയിൽ ബീഹാർ U-19 ടീം ഫൈനലിൽ എത്തി. അവിടെ അവർക്ക് നേരിടേണ്ടി വന്നത് പഞ്ചാബിനെ ആയിരുന്നു. ആ മത്സരത്തിൽ ധോണി 84 റൺസ് എടുത്ത് ബിഹാറിനെ 357 എന്ന സ്‌കോറിൽ എത്തിച്ചു. പക്ഷേ ബീഹാറിന്റെ മോഹങ്ങൾ കാറ്റിൽ പറത്തി, പഞ്ചാബിന്റെ യുവരാജ് സിംഗ് ആ മത്സരത്തിൽ ട്രിപ്പിൾ സെഞ്ച്വറി നേടി ടൂർണമെന്റ് കിരീടം പഞ്ചാബിനെ ചൂടിച്ചു. യുവി ആ മത്സരത്തിൽ 358 റൺസ് നേടി. ടൂർണമെന്റിൽ ധോണി 17 ക്യാച്ചും 7 സ്റ്റമ്പിങ്ങും ഉൾപ്പെടെ 488 റൺസും നേടി. ഈ പ്രകടനം അയാളെ സി കെ നായിഡു ട്രോഫിക്കുള്ള ഈസ്റ്റ്‌ സോണിന്റെ U-19 സ്‌ക്വാഡിൽ എത്തിച്ചു. പക്ഷെ അവിടെ ധോണിക്ക് കാര്യമായി സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. 4 മത്സരത്തിൽ നിന്ന് വെറും 97 റൺസ് മാത്രമാണ് നേടിയത്. മാത്രമല്ല ടൂർണമെന്റിലെ എല്ലാ മത്സരങ്ങളും തോറ്റ് അവസാന സ്ഥാനക്കാരായാണ് അവർ ടൂർണമെന്റ് അവസാനിപ്പിച്ചത്. 


തന്റെ 18ആം വയസിലാണ് ധോണി രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിക്കുന്നത് ആദ്യ മത്സരത്തിൽ തന്നെ ആസ്സമിനെതിരെ രണ്ടാം ഇന്നിംഗ്‌സിൽ പുറത്താകാതെ 68 റൺസ് എടുത്തു. ആ സീസണിൽ ധോണി 5 മത്സരത്തിൽ നിന്ന് 285 റൺസ് കുറിച്ചു. 2000-01 സീസണിൽ ബംഗാളിനെതിരെ ധോണി ഫസ്റ്റ് ക്ലാസ്സ്‌ ക്രിക്കറ്റിലെ തന്റെ കന്നി ശതകം കുറിച്ചു. പക്ഷേ ആ മത്സരത്തിൽ ബിഹാറിന് തോൽവി ആയിരുന്നു ഫലം. തുടർന്നുള്ള മത്സരങ്ങളിൽ 50 പോലും സ്കോർ ചെയ്യാൻ കഴിഞ്ഞില്ല. 2001-02 സീസണിൽ 4 മത്സരങ്ങളിൽ 5 തവണ 50 ഇനു മുകളിൽ സ്കോർ ചെയ്‌തെങ്കിലും സെഞ്ച്വറി അടിക്കാൻ കഴിഞ്ഞില്ല. 2001 മുതൽ 2003 വരെ ഖരഗ്പൂർ റെയിൽവേ സ്റ്റേഷനിൽ ട്രാവൽ ടിക്കറ്റ് എക്സാമിനർ (ടിടിഇ) ആയിരുന്നു ധോണി.


ജാർഖണ്ഡ്‌ സംസ്ഥാന രൂപീകരണത്തിന് ശേഷം 2002-03 സീസണിൽ ജാർഖണ്ഡ്‌, രഞ്ജി ട്രോഫി മത്സരങ്ങൾ കളിക്കാൻ ആരംഭിച്ചു. ആ സീസണിൽ ജാർഖണ്ഡിന് വേണ്ടി ധോണി, രഞ്ജിയിൽ 3ഉം ഡിയോഡർ ട്രോഫിയിൽ 2ഉം അർധശതകങ്ങൾ നേടി. ഈ കാലയളവിൽ ധോണി തന്റെ അക്രമണാത്മകമായ ബാറ്റിങ്ങിന്റെ പേരിൽ പ്രശസ്തനാകാൻ തുടങ്ങിയിരുന്നു. 2003-04 സീസണിൽ ആസ്സമിനെതിരായ ഏകദിന രഞ്ജി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ധോണി സെഞ്ച്വറി നേടി 128 റൺസുമായി പുറത്താകാതെ നിന്നു. ഇതിനു ശേഷം നടന്ന ഡിയോഡർ ട്രോഫിയിൽ ഈസ്റ്റ്‌ സോണിനു വേണ്ടി ഒരു സെഞ്ച്വറി ഉൾപ്പെടെ 4 മത്സരത്തിൽ നിന്ന് 244 റൺസ് സ്കോർ ചെയ്തു. ഈസ്റ്റ്‌ സോൺ ആ ടൂർണമെന്റിൽ ചാമ്പ്യന്മാരായി മാറുകയും ചെയ്തു. ദുലീപ് ട്രോഫി ഫൈനലിൽ ഈസ്റ്റ്‌ സോണിനായി ധോണി പൊരുതി നേടിയ അർധസെഞ്ചുറി ടീമിനെ രക്ഷിക്കാൻ തക്ക ഒന്നായിരുന്നില്ല. 2003ഇൽ ജംഷഡ്‌പൂരിൽ ജാർഖണ്ഡിന് വേണ്ടി ധോണി കളിച് ഒരു മത്സരം പ്രകാശ് പൊഡ്ഡാറിന്റെ ശ്രദ്ധയിൽപെട്ടു. രാജ്യത്തിന്റെ ചെറുനഗരങ്ങളിലും ഗ്രാമങ്ങളിലും നിന്ന് കഴിവുറ്റ കളിക്കാരെ കണ്ടെത്താൻ നിയോഗിച്ച സംഘത്തിൽ ഉൾപ്പെട്ട ആളായിരുന്നു അദ്ദേഹം. ഇത്തരത്തിൽ പിന്നീട് ഇർഫാൻ പത്താൻ, സുരേഷ് റെയ്ന, ശ്രീശാന്ത് തുടങ്ങിയ കളിക്കാരും ദേശീയ ടീമിൽ എത്തി. ധോണിയുടെ ആ മത്സരത്തിലെ പ്രകടനം നാഷണൽ ക്രിക്കറ്റ്‌ അക്കാഡമിയിൽ പ്രകാശ് റിപ്പോർട്ടായി നൽകി. 


2003-04 സീസണിലെ ധോണിയുടെ കഠിനപ്രയത്നത്തിന്റെ ഫലമായി ഇന്ത്യ എ ടീമിലേക്കുള്ള അയാളുടെ വാതിലുകൾ തുറക്കപ്പെട്ടു. സിംബാവെയിലും കെനിയയിലും വെച്ച് നടന്ന ഏകദിന മത്സരങ്ങളിൽ വിക്കറ്റിന് പിന്നിൽ നിന്ന് 7 ക്യാച്ചും 4 സ്റ്റമ്പിങ്ങും നടത്തി. അതിനു ശേഷം പാകിസ്ഥാനും കെനിയയും ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിൽ പാക്സിതാനെതിരെ മാത്രം 2 സെഞ്ചുറിയും ഒരു അര്ധസെഞ്ചുറിയും കുറിച്ചു. 6 ഇന്നിങ്സിൽ നിന്ന് 72.40 ശാരാശരിയിൽ 362 റൺസ് സ്വന്തമാക്കി. ഈ അത്യുജ്ജല പ്രകടനങ്ങൾ ഇന്ത്യൻ ദേശിയ ടീമിന്റെ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടേത് പോലും ശ്രദ്ധ പിടിച്ചുപറ്റുന്ന ഒന്നായിരുന്നു. 


(തുടരും)

Comments

Post a Comment

Popular posts from this blog

Evolution of Cricket to Shorter formats

Happy Birthday to the "Prince of Cover Drives"

The real Warrior