പന്തിന് പിന്നാലെ


Hawk eye technology 


ഒരു ക്രിക്കറ്റ്‌ മത്സരം നിയന്ത്രിക്കുന്ന അമ്പയർക്ക് ഏറ്റവും അധികം വെല്ലുവിളി നേരിടേണ്ടി വരുന്നത് ലെഗ് ബിഫോർ വിക്കറ്റ്(LBW) നിർണയിക്കുന്നതിൽ ആണ്. 145 കിലോമീറ്ററിൽ അധികം വേഗത്തിൽ പന്ത് എറിയുന്ന ഒരു ബൗളറുടെ കാൽ ബൗളിംഗ് എൻഡിലെ ക്രീസിനുള്ളിലാണോ എന്ന് പരിശോധിക്കുമ്പോഴുക്കും പന്ത് ബാറ്റസ്മാനെ കടന്നു പോയിരിക്കും. ഇനി ഫ്രണ്ട് ഫുട്ട് ചെക്ക് ചെയ്തു കഴിഞ്ഞു പന്ത് കണ്ടാലും, പന്ത് സഞ്ചരിക്കുന്ന ദിശ, സ്റ്റമ്പിന് മുന്നിൽ തന്നെ ആണോ ഇമ്പാക്ട് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കി ഒരു തീരുമാനം എടുക്കാൻ വെറും സെക്കന്റുകൾ മാത്രമാണ് ഒരു അമ്പയർക്ക് കിട്ടുന്നത്. (അടുത്ത കാലത്ത് മാത്രമാണ് നോബോൾ തേർഡ് അമ്പയർ വീക്ഷിക്കാൻ ആരംഭിച്ചത്) ഇതിന് എല്ലാം പുറമെ കടുത്ത ചൂടും ഉയർന്ന ഹ്യൂമിഡിറ്റയും കൂടി ഉണ്ടെങ്കിൽ ആ അമ്പയർ വളരെ പ്രായസമേറിയ സമയത്തിലൂടെ ആയിരിക്കും കടന്നു പോവുക. അമ്പയർമാരുടെ ഈ വെളുവിളികളെ ലഘൂകരിക്കാനും കുറച്ചു കൂടി മികച്ച തീരുമാനങ്ങൾ, കുറഞ്ഞ പക്ഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ എങ്കിലും എടുക്കുവാൻ വേണ്ടി ആണ് ഐസിസി, ക്രിക്കറ്റിൽ ഹോക് ഐ(Hawk eye) ടെക്നോളജി കൊണ്ടുവരുന്നത്. ഇന്ന് നമ്മുക്ക് ബോൾ ട്രാക്കിങ് എന്ന് അറിയപ്പെടുന്ന ഹോക് ഐ സാങ്കേതിക വിദ്യയെ കുറിച്ചുള്ള വിവരങ്ങൾ പരിശോധിക്കാം.


ചരിത്രം


ക്രിക്കറ്റിന് പുറമെ ഫുട്ബോൾ, ബാഡ്മിന്റൺ, ടെന്നീസ്, വോളിബോൾ, ഹർലിംഗ് തുടങ്ങിയ മത്സരയിനങ്ങൾക്കും ഹോക് ഐ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താറുണ്ട്. 2001ൽ റൂക് മനോർ റീസെർച്ച് ലിമിറ്റഡ്(Roke Manor Research Limited) എന്ന് യു. കെ ബേസ്ഡ് കമ്പനിയിലെ എഞ്ചിനീയറായ പോൾ ഹോകിൻസ്(Dr. Paul Hawkins) ആണ് ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. പിന്നീട് അവർ Hawk Eye Innovations Limited എന്ന കമ്പനിയുടെ പേരിൽ പേറ്റന്റ് സ്വന്തമാക്കി. 2011ൽ ജാപ്പനീസ് കമ്പനിയായ സോണിയ്ക്ക് ഇതിന്റെ അവകാശങ്ങൾ അവർ വിറ്റു. ഹോക് ഐ ആദ്യമായി ഉപയാഗിക്കുന്നത് 2001 മെയ്‌ 21ന് ലോർഡ്സിൽ നടന്ന ഇംഗ്ലണ്ടും പാകിസ്താനും തമ്മിലുള്ള ടെസ്റ്റ്‌ മൽസരത്തിൽ ആണ്. ഈ മത്സരം സംപ്രേക്ഷണം ചെയ്ത ചാനൽ 4 (Channel4) ആണ് ആദ്യമായി ഈ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയത്. അന്ന് അത് പന്തിന്റെ സഞ്ചാരപഥം കണ്ടെത്തുവാൻ വേണ്ടി മാത്രം ആയിരുന്നു ഉപയോഗിച്ചത്. പക്ഷേ അമ്പയറുടെ തീരുമാനങ്ങളിൽ കൂടുതൽ കൃത്യത വരുത്തുവാൻ വേണ്ടി 2008ൽ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാൻ ഐസിസി അനുമതി നൽകി. 2007-08 സീസണിൽ ഓസ്ട്രേലിയയിൽ വെച്ച് നടന്ന ഇന്ത്യയുടെ പരമ്പരയിൽ അമ്പയർമാർ ധാരാളം തെറ്റായ തീരുമാനങ്ങൾ എടുത്തിരുന്നു. ഇതേ തുടർന്നാണ് ഡിസിഷൻ റിവ്യൂ സിസ്റ്റം (DRS) ക്രിക്കറ്റിൽ കൊണ്ട് വരാൻ തീരുമാനിക്കുന്നത്. പ്രധാനമായും 3 സാങ്കേതിക വിദ്യകൾ ആയിരുന്ന ഡിസിഷൻ റിവ്യൂ സിസ്റ്റത്തിൽ ഉണ്ടായിരുന്നത്. സ്നികോമീറ്റർ, ഹോട്ട്സ്പോട്ട് പിന്നെ ഹോക് ഐയും. 2008ൽ ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിലാണ് ഡിആർഎസ് പരീക്ഷണ അടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിച്ചത്. ഡിആർഎസിലൂടെ ആദ്യമായി പുറത്തായ ബാറ്റസ്മാൻ ഇന്ത്യയുടെ വിരേന്ദ്രർ സേവാഗാണ്. 2009 നവംബർ 24ന് പാകിസ്ഥാനും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ്‌ മത്സരത്തിലാണ് ഔദ്യോഗികകമായി ക്രിക്കറ്റിൽ ഡിആർഎസ് നിലവിൽ വരുന്നത്.


മോഡസ് ഓപ്പറാണ്ടി


ഹോക് ഐ സാങ്കേതിക വിദ്യയുടെ തത്വം എന്നത് ചിത്രങ്ങളുടെ ട്രയാങ്കുലേഷൻ(Triangulation of visual image) ആണ്. കുറച്ചു കൂടി എളുപ്പത്തിൽ മനസിലാക്കാനായി ഇത് എന്താണ് എന്ന് വിശദികരിക്കാം. നമ്മൾ കാണുന്ന വിഷ്വവൽസ് എല്ലാം ദ്വിമാന ചിത്രങ്ങൾ ആണ്(2 Dimensional). രണ്ടോ അതിലധികമോ ദ്വിമാന ചിത്രങ്ങൾ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ കൂട്ടിചേർത്ത് ത്രിമാന (3 Dimensional) ചിത്രം രൂപപ്പെടുത്തുകയും, ആ ത്രിമാന ചിത്രത്തിൽ ഒരു ബിന്ദു അടയാൾപ്പെടുത്തുന്നതിനെ ആണ് ട്രയാങ്കുലേഷൻ എന്ന് പറയുന്നത്. പ്രധാനമായും രണ്ട് ഘടകങ്ങൾ ആണ് ഹോക് ഐയ്ക്ക് ഉള്ളത്. ഹൈ സ്പീഡ് ക്യാമറയും, ബോൾ ട്രാക്കറും. ഒരു ക്രിക്കറ്റ്‌ മത്സരത്തിൽ 6 ക്യാമറകൾ ആണ് ഹോക് ഐയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത്. ഇവ മൈതാനത്തിന്റെ വിവിധ ദിശകളിൽ സ്ഥാപിക്കും. ഈ ക്യാമറകളുടെ പ്രത്യേകത ഒരു സെക്കൻഡിൽ 100ൽ അധികം ഫ്രെയിമുകൾ സൃഷ്ടിക്കുവാൻ അവയ്ക്ക് കഴിയും. അതിലും കൂടുതൽ ഫ്രെയിമുകൾ നിർമിക്കാൻ കഴിയുന്ന ക്യാമറകളും ഉപയോഗിക്കാറുണ്ട്. ഈ ക്യാമറകളുടെ വിവരങ്ങൾ ശേഖരിക്കുന്ന ഒരു ഡാറ്റാ സ്റ്റോറുമായി ലിങ്ക് ചെയ്തിരിക്കും. അതിൽ മൈതാനത്തിന്റെ ഡൈമെൻഷൻ, മത്സര നിയമങ്ങൾ (3 meter law, Remains notout when ball pitching outside leg etc.) തുടങ്ങിയ വിവരങ്ങൾ മുൻപേ കൊടുത്തിരിക്കും. ഒരേസമയത്തെ വ്യത്യസ്ത ക്യാമറകളിൽ നിന്നുള്ള ഫ്രെയിമുകൾ സിസ്റ്റത്തിലൂടെ തിരിച്ചറിഞ്ഞു, ഓരോ ഫ്രെയിമിലെയും പന്തിന്റെ സ്ഥാനം കണ്ടെത്തി, ഒന്നിന് പുറകെ ഒന്നായി ഈ ഫ്രെയിമുകൾ അടുക്കും. തുടർന്ന് 3D ഗ്രാഫിക്സ് രൂപപ്പെടുത്തി പന്ത് സഞ്ചരിച്ച പാത കണ്ടെത്തും. സിസ്റ്റത്തിൽ നേരത്തെ കൊടുത്ത് വിവരങ്ങൾക്ക് പുറമെ എന്തെങ്കിലും തടസം പന്തിന്റെ പാതയിൽ ഉണ്ടായാൽ അത് തിരിച്ചറിഞ്ഞു, പന്തിന്റെ അവശേഷിക്കുന്ന സഞ്ചാര പഥം സിസ്റ്റം വരയ്ക്കും. ഇങ്ങനെ ആണ് ബോൾ ട്രാക്കിങ് സിമുലേഷൻ സാധ്യമാകുന്നത്. ബോൾ ട്രാക്കിങ്ങിന്റെ കൃത്യത 5 മില്ലിമീറ്റർ ആണെന്ന് അവർ അവകാശപ്പെടുന്നു. ഇത്തരത്തിൽ ഒരു മത്സരത്തിൽ എറിയുന്ന എല്ലാ പന്തുകളുടെയും വിവരങ്ങൾ ശേഖരിക്കാൻ കഴിയും. ഈ ഒരു സാങ്കേതിക വിദ്യ ഉപയോഗിച്ച് മറ്റു ചില വിവരങ്ങൾ കൂടി നൽകാൻ കഴിയും. അവ ഇതൊക്കെ ആണ്, വാഗൺ വീൽ, ബീഹൈവ്സ്(Beehives), ബോൾ സ്പീഡ്, റിയാക്ഷൻ ടൈം, പിച്ച് മാപ്പ്, റെയിൽക്യാം. ഇത്തരം വിവരങ്ങൾ കളിക്കാരുടെ പ്രകടനം വിശകലനം ചെയ്യാൻ സഹായിക്കുകയും, എന്തൊക്കെ മാറ്റങ്ങളാണ് മെച്ചപ്പെട്ട പ്രകടനത്തിന് വേണ്ടി അവരുടെ കളിയിൽ കൊണ്ടുവരേണ്ടത് എന്ന് തിരിച്ചറിയാനും, ഗെയിം പ്ലാൻ രൂപീകരിക്കാനും കഴിയും.



അമ്പയേഴ്‌സ് കോൾ


ബോൾ ട്രാക്കിങ്ങിനെ കുറിച്ച് പറയുമ്പോൾ, എല്ലായിപ്പോഴും ഒരു ചൂടൻ ചർച്ചാവിഷയമായി മാറുന്ന കാര്യമാണ് അമ്പയേഴ്‌സ് കോൾ. ക്രിക്കറ്റിൽ ഹോക് ഐ പോലുള്ള സാങ്കേതിക വിദ്യ കൊണ്ട് വന്നത് തന്നെ അമ്പയർമാരുടെ തെറ്റുകൾ തിരുത്തുവാൻ വേണ്ടിയാണ്. എന്നാൽ ടെക്‌നോളജിക്ക് തെറ്റ് പറ്റാം എന്ന സാഹചര്യത്തിലാണ് അമ്പയേഴ്‌സ് കോളിന്റെ പ്രസക്തി! സത്യത്തിൽ അമ്പയേഴ്‌സ് കോൾ എന്നത് ഇരുതല മൂർച്ചയുള്ള ഒരു വാളായി കണക്കാക്കം. ഒരേ സാഹചര്യത്തിന് രണ്ട് വിധി. ചിലപ്പോൾ ബാറ്റസ്മാന് അനുകൂലവും, മറ്റ ചിലപ്പോൾ ഫീൽഡിങ് ടീമിന് അനുകൂലമായും തീരുമാനം മാറാം. രണ്ടായാലും ബോൾ ട്രാക്കിങ് സിമുലേഷനിൽ പന്ത് സ്റ്റമ്പിൽ കൊള്ളും. ഒരു ബൗളർക്ക് ലെഗ്ബിഫോർ വിക്കറ്റ് ലഭിക്കണമെങ്കിൽ അയാൾക്ക് 3 സാഹചര്യങ്ങൾ അനുകൂലമാകണം. 


1️⃣ ബൗളർക്ക് എതിരെ ബാറ്റ് ചെയുന്ന ബാറ്റസ്മാനെ സംബന്ധിച്ചുള്ള (Lefthand/Righthand) ലെഗ്സ്റ്റമ്പിന് പുറത്ത് പന്ത് പിച്ച് ചെയ്താൽ, വിക്കറ്റ് ലഭിക്കില്ല. ഇനി അത് കൃത്യമായി സ്റ്റമ്പിൽ കൊള്ളുന്നതാണെങ്കിൽ പോലും ലെഗ്ബിഫോർ വിക്കറ്റിലൂടെ അയാൾക്ക് ബാറ്റസ്മാനെ പുറത്താക്കാൻ കഴിയില്ല. അതിന് കാരണം ആ ബാറ്റസ്മാന്റെ അന്ധബിന്ദു രൂപപ്പെടുന്നത് ആ ഭാഗത്ത്‌ ആണ്. റൗണ്ട് ദി വിക്കറ്റിൽ എറിയുമ്പോൾ ബാറ്റസ്മന്റെ കണ്ണിലെ കാഴ്ച്ചയില്ലാത്ത ഭാഗത്തു പന്തിന്റെ ദൃശ്യം പതിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷേ ബൗളഡ് ആയാൽ ബാറ്റസ്മാൻ പുറത്താകും. ഇനി പന്ത് പതിക്കുന്നത് സ്റ്റമ്പ് ലൈനിനും ലെഗ്സ്റ്റമ്പിന് പുറത്തുള്ള ഭാഗത്തും ഒരുമിച്ചാണെങ്കിൽ, ബോൾ ട്രാക്കിങിൽ പന്തിന്റെ മധ്യ ഭാഗം പതിക്കുന്നത് എവിടെയാണ് എന്ന് കൃത്യമായി പറയുവാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ അമ്പയറുടെ തീരുമാനം ബാറ്റസ്മാന്റെ വിധി നിർണയിക്കും.


2️⃣ ബാറ്റസ്മാൻ ഷോട്ട് ഓഫർ ചെയ്ത ഡെലിവറി ആണെങ്കിൽ ഇമ്പാക്ട് സ്റ്റമ്പ് ലൈനിന്റെ 50% കൂടുതൽ പന്ത് ഉണ്ടായിരിക്കണം. സ്റ്റമ്പ് ലൈനിൽ ആണോ അല്ലയോ എന്ന് പറയാൻ ടെക്‌നോളജിക്ക് സാധിക്കുന്നില്ല എങ്കിൽ, അമ്പയറുടെ തീരുമാനം കണക്കിൽ എടുക്കും. ഇനി ബാറ്റസ്മാൻ ഷോട്ട് ഓഫർ ചെയ്തില്ലെങ്കിൽ ഓഫ്‌സ്റ്റമ്പിന് പുറത്ത് ഇമ്പാക്ട് വന്നാലും ബാറ്റസ്മാനെ പുറത്താക്കാം.


3️⃣ പന്തിന്റെ 50% എങ്കിലും കുറഞ്ഞത് വിക്കറ്റ് സോണിനുള്ളിൽ തട്ടിയിരിക്കണം. ഈ അടുത്ത കാലത്ത് വിക്കറ്റ് സോണിന്റെ പരിധി ഐസിസി പുനർനിശ്ചയിച്ചിട്ടുണ്ട്.

ഹോക് ഐ 100% ശതമാനം കൃത്യത ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ, ഇത്തരം വളരെ ചെറിയ മാർജിനുകൾ അമ്പയറുടെ തീരുമാനത്തിന് വിടും. റീപ്ലേയിൽ അമ്പയെസ് കാൾ ആണ് കാണുന്നത് എങ്കിൽ അമ്പയർ ഔട്ട്‌ വിധിച്ചാൽ ആ പന്ത് ബൈയിൽസ് തെറിപ്പിക്കും എന്ന് പറയാം. ഇനി മറിച്ചാണ് തീരുമാനം എങ്കിൽ ടെക്നോളജിയുടെ പിഴവ് ആയിരിക്കാം എന്ന് വിലയിരുത്തുന്നു.


ബോൾ ട്രാക്കിങ് വിവാദം


ബോൾ ട്രാക്കിങ് ടെക്നോളജി എന്തുകൊണ്ട് 100% ശരിയായ ഫലം നൽകുന്നില്ല എന്ന് കാണിച്ചു തരുന്ന കുറച്ച് ഉദാഹരണങ്ങൾ നമുക്ക് പരിചയപ്പെടാം.


1️⃣ ബോൾ ട്രാകിങ്ങിനെ സംബന്ധിച്ചുള്ള ഏറ്റവും പ്രശസ്തമായ വിവാദം ഉണ്ടാകുന്നത് 2011 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സെമിയിൽ ആണ്. മത്സരത്തിലെ 11ആം ഓവറിൽ പാക്കിസ്ഥാന്റെ സയീദ് അജ്മൽ സച്ചിന് നേരെ ആം ബോൾ എറിഞ്ഞു. അദ്ദേഹത്തിന് പന്ത് ബാറ്റിൽ കൊള്ളിക്കാൻ സാധിച്ചില്ല. പന്ത് പാഡിൽ തട്ടിയതിന് പിന്നാലെ കളിക്കാർ ലെഗ്ബിഫോർ വിക്കറ്റിനായി അപ്പീൽ ചെയ്തു. കൂടുതൽ ഒന്നും ചിന്തിക്കാതെ അമ്പയർ ഇയാൻ ഗോൾഡ്(Ian Gould) തന്റെ വിരലുയർത്തി. ഗംഭീറുമായി ചർച്ച ചെയ്തതിന് ശേഷം റിവ്യൂ എടുക്കാൻ സച്ചിൻ തീരുമാനിച്ചു. റീപ്ലേയിൽ ബോൾ ട്രാക്കിങ് പരിശോധിച്ചപ്പോൾ പന്ത് ലെഗ്സ്റ്റമ്പിന് പുറത്തേക്ക് പോകുന്നത് കണ്ടെത്തുകയും, അമ്പയർ തന്റെ തീരുമാനം തിരുത്തുകയും ചെയ്തു. പിന്നീട് പല തവണ പാക്കിസ്ഥാൻ ഫീൽഡ്ർമാർ സച്ചിന്റെ ക്യാച്ച് നഷ്ടപ്പെടുത്തുകയും, നിർണായകമായ 85 റൺസ് നേടി കളിയിലെ താരമായി മാറിയ സച്ചിൻ ഇന്ത്യയെ ഫൈനലിൽ എത്തിച്ചു. പക്ഷെ ആ ലെഗ്ബിഫോർ അപ്പീൽ വീഡിയോ വീണ്ടും പരിശോധിച്ചപ്പോൾ ഇമ്പാക്ട് ഉണ്ടായി എന്ന് കാണിക്കുന്ന ഭാഗത്ത്‌ നിന്ന് ആയിരുന്നില്ല പന്തിന്റെ പാത വരച്ചു തുടങ്ങുന്നത്. ഇത് വലിയ വിവാദങ്ങൾക്ക് വഴി വെച്ചു. പാകിസ്ഥാൻ ആരാധകരുടെ ഈ ആരോപണത്തിന് ഹോക് ഐയുടെ അധികാരികൾ മറുപടി പറഞ്ഞത് ഇങ്ങനെ ആയിരുന്നു. "മത്സരം സംപ്രേക്ഷണം ചെയ്യാൻ ഉപയോഗിച്ച ക്യാമറയിൽ ഒരു സെക്കൻഡിൽ 50 ഫ്രെയിമുകൾ മാത്രമാണ് എടുക്കാൻ കഴിയുന്നത്. അതുകൊണ്ട് പന്ത് പാഡിൽ തട്ടുന്ന ഭാഗം ക്യാമറയിൽ പതിഞ്ഞില്ല. ഈ കാരണം കൊണ്ട് പന്ത് പാഡിൽ തട്ടുന്ന സങ്കല്പികമായ ഒരു ബിന്ദു കണ്ടെത്തുകയും അവിടെ നിന്നും പന്തിന്റെ ബാക്കി സഞ്ചാരപഥം നിർമിച്ചു എടുക്കുകയുമാണ് ചെയ്തത്." പലരും ഈ വിശദീകരണത്തിൽ തൃപ്തരായിരുന്നില്ല. തങ്ങൾ ചതിക്കപ്പെട്ടതാണ് എന്ന് അവർ ഇന്നും വിശ്വസിക്കുന്നു.


2️⃣ 2016ൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ നടന്ന മത്സരം. ഓസിസ് പേസർ ജോഷ്‌ ഹേസൽവുഡിന്റെ ഒരു ഇൻസ്വിങ്ങർ ഡിവില്ലേഴ്‌സിനെ കമ്പിളിപ്പിച്ചു കൊണ്ട് മിഡിൽ സ്റ്റമ്പിന്റെ ഏറ്റവും മുകളിൽ വന്നു പതിച്ചു. പിന്നീട് ഹേസൽവുഡിന്റെ സ്വിങ്ങിന്റെ അളവ് എത്ര എന്ന് കാണിക്കാനായി ബോൾ ട്രാക്കിങ് വീഡിയോ സംപ്രേക്ഷണം ചെയ്തു. എന്നാൽ എവരെയും ഞെട്ടിച്ചു കൊണ്ട് റീപ്ലേയിൽ സ്റ്റമ്പിൽ തട്ടാതെ പന്ത് സ്റ്റമ്പിന് മുകളിലൂടെ പോകുന്നതാണ് കാണാൻ കഴിഞ്ഞത്. ഈ സംഭവം ബോൾ ട്രാക്കിങ് ടെക്നോളജിയുടെ കൃത്യത ചോദ്യം ചെയ്തു. ഹോക് ഐയുടെ ഉപജ്ഞാതാവ്‌ ഡോക്ടർ പോൾ ഹോകിൻസ് പറയുന്നത് ഒരു സെന്റിമീറ്റർ വരെ അളവുകളിൽ വ്യത്യാസം വരാം.


3️⃣ ഈ വർഷം ജനുവരിയിൽ സിഡ്നിയിൽ നടന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ്‌ മത്സരം. ഓസ്ട്രേലിയൻ ഇന്നിങ്സിലെ പന്ത്രാണ്ടം ഓവറിൽ അശ്വിൻ എറിഞ്ഞ പന്ത് സ്റ്റീവ് സ്മിത്തിന്റെ പാഡിൽ തട്ടുന്നു. കളിയിലെ ഏറ്റവും വിലയേറിയ വിക്കറ്റ് ആയതു കൊണ്ട് ഇന്ത്യൻ താരങ്ങൾ എല്ലാവരും ശക്തമായി അപ്പീൽ ചെയ്തു. എന്നാൽ അമ്പയർ നിരസിച്ചു. ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹനെ സഹ കളിക്കാരോട് ചർച്ച ചെയ്തതിനു ശേഷം റിവ്യൂ എടുത്തു. റീപ്ലേയിൽ അമ്പയെസ് കാൾ ആണെന്ന് തെളിഞ്ഞു. അമ്പയറുടെ തീരുമാനം നോട്ടോട്ട് ആയതിനാൽ സ്മിത്ത് തന്റെ ബാറ്റിംഗ് തുടർന്നു. അമ്പയെസ് കാൾ ആയതിനാൽ ഇന്ത്യയ്ക്ക് റിവ്യൂയും നഷ്‍ടമായില്ല. പക്ഷെ റിവ്യൂവിൽ സ്റ്റമ്പ് വലതുവശത്തേക്ക് നീങ്ങിയതായും 4ആമത്തെ സ്റ്റമ്പിൽ പന്ത് കൊള്ളുന്നത് പോലെ ആണ് എന്ന് ആളുകൾ കണ്ടെത്തി. ഈ ഒരു പ്രവർത്തിയിലൂടെ ഇന്ത്യയ്ക്ക് തങ്ങളുടെ റിവ്യൂ രക്ഷിക്കാൻ സാധിച്ചു. പക്ഷേ ബോൾ ട്രാക്കിങ് ടെക്നോളജിയ്ക്ക് എതിരെ നിരവധി പ്രമുഖർ പ്രതിഷേധം അറിയിച്ചു.

ഇത്തരത്തിൽ ഹോക് ഐ ടെക്നോളജിയ്ക്ക് തെറ്റുകൾ സംഭവിച്ച ധാരാളം സന്ദർഭങ്ങൾ വേറെയും ഉണ്ട്. ഹോക് ഐ ടെക്നോളജി എന്താണ് എന്നും, അമ്പയെസ് കോളിന്റെ പ്രസക്തി എന്താണ് എന്ന് ബോധ്യപ്പെടുത്താനും ആണ് ഞാൻ ഇവിടെ ശ്രമിച്ചത്.


(അവസാനിച്ചു)

Comments

Popular posts from this blog

Evolution of Cricket to Shorter formats

Happy Birthday to the "Prince of Cover Drives"

The real Warrior